Pious Association's

Thirubalasakyam

ഉണ്ണി യേശുവിനെ പോലെ ജ്ഞാനത്തിലും പ്രായത്തിലും ദൈവത്തിന്റെയും മനുഷ്യരുടെയും പ്രീതിയിലും കുഞ്ഞുമക്കളെ വളർത്തിക്കൊണ്ടു വരുവാനുള്ള ഒരു പരിശീലന കളരിയാണ് തിരുബാലസഖ്യം. 12 വയസ്സ് വരെയുള്ളവരാണ് ഇതിൽ പരിശീലനം നേടുന്നത്. വിശ്വാസ പരിശീലകരുടെ നേതൃത്വത്തിൽ ഞായറാഴ്ചകളിൽ 8.15 മുതൽ 9 വരെയുള്ള സമയത്ത് വിവിധ ഗ്രൂപ്പുകളിലായി കുഞ്ഞുങ്ങൾ ഒരുമിച്ചു കൂടുകയും പ്രാർത്ഥനാപരിശീലനങ്ങളീലൂടെയും വിവിധ കളികളീലൂടെയും യേശുവിലേക്കുള്ള തങ്ങളുടെ വളർച്ച സ്വന്തമാക്കുകയും ചെയ്യുന്നു.

Altar Boys

ദിവ്യബലി മധ്യേ വൈദീകരെ സഹായിക്കാനും വായനകൾ വായിക്കാനുമായുള്ള കുട്ടികളുടെ സംഘം. കപ്യാരോട് ചേർന്ന് ദേവാലയത്തിലെ മറ്റു ശുശ്രൂഷകളിലും അവർ സഹായികളാകുന്നു. അൾത്താരയോടും ദിവ്യകാരുണ്യ നാഥനോടും ചേർന്ന് നിന്ന് വളരുന്ന ഈ ശുശ്രൂഷയിലേക്ക് ദിവ്യകാരുണ്യ സ്വീകരണം നടത്തിയ ആൺകുട്ടികളെയാണ് തെരഞ്ഞെടുത്തു നിയോഗിക്കുന്നത്. കൊച്ചച്ചന്റെ നേതൃത്വത്തിൽ ഇവർ മാസം തോറും ഒരുമിച്ചു കൂടി തങ്ങളുടെ ശുശ്രൂഷകളെ നവീകരിക്കുന്നു.

Christian Life Communities (CLC)

1950-ൽ ചുണങ്ങംവേലി ഇടവകയിൽ സി.എൽ.സി അതിന്റെ പ്രവർത്തനം ആരംഭിച്ചു. 12 വയസ്സ് പൂർത്തിയായവരെയാണ് സി.എൽ.സി യിൽ അംഗങ്ങളായി സ്വീകരിക്കുന്നത്. പ്രാർത്ഥന,പഠനം,പ്രവർത്തനം എന്നീ മാർഗങ്ങളീലൂടെ "മറിയം വഴി ക്രിസ്തുവിലേക്ക്" എന്ന ആദർശപൂർത്തികരണത്തിനായി മരിയമക്കൾ നിരന്തരം പരിശ്രമിക്കുന്നു. ഞായറാഴ്ചകളിൽ രാവിലെ 8.15-ന് മതബോധനാധ്യാപകരുടെ നേതൃത്വത്തിൽ സി.എൽ.സി അംഗങ്ങൾ വ്യത്യസ്‍ത ഗ്രൂപ്പുകളിലായി ഒരുമിച്ചു ചേരുകയും ആത്മീയവും ഭൗതീകവുമായ വളർച്ചക്ക് ഉപകരിക്കുന്ന വിവിധ പരിപാടികളിൽ പങ്കാളികളാവുകയും ചെയുന്നു.

Josephians (Youth Group)

2019 ഓഗസ്റ്റിൽ ഇടവകയിൽ പ്രവർത്തനമാരംഭിച്ച, ചുണങ്ങംവേലിയുടെ സ്വന്തമെന്നവകാശപ്പെടാവുന്ന യുവജന കൂട്ടായ്മയാണ് ജോസഫൈൻസ്. 18 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവരാണ് ഇതിൽ അംഗങ്ങളായി പ്രവർത്തിക്കുന്നത്. ക്രിസ്തുമസ്,ഈസ്റ്റർ,ജപമാല സമാപനം എന്നിങ്ങനെയുള്ള ഇടവകയിലെ ചെറുതും വലുതുമായ പരിപാടികളിൽ നിസ്തുലമായ സേവനം കാഴ്‌ചവച്ചു കൊണ്ട് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിക്കുന്നത്തിനൊപ്പം ക്രിസ്തുവിന്റെ സാക്ഷികളും സഭയുടെ സംരക്ഷകരുമായി മാറിക്കൊണ്ടിരിക്കുന്നു ജോസഫൈൻസ്. ഇടവകയിലെ മറ്റ് സംഘടനകളിലും ജോസഫൈൻസ് തങ്ങളുടെ സജീവ സാന്നിധ്യം അറിയിക്കുന്നുണ്ട്. എല്ലാ മാസവും രണ്ടാം ഞായറാഴ്ചകളിൽ പ്രഥമ ദിവ്യബലിക്ക് ശേഷം അംഗങ്ങൾ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുകയും പ്രവർത്തങ്ങളെ വിലയിരുത്തുകയും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

St. Vincent de Paul

1971-ലാണ് സെ.വിൻസെൻറ് ഡി.പോൾ സൊസൈറ്റിയുടെ യൂണിറ്റ് ചുണങ്ങംവേലിയിൽ സ്ഥാപിതമായത്.അഗതികളും നിരാലംബരുമായവരെ ക്രൈസ്തവ സ്നേഹത്തിന്റെ ചൈതന്യത്തിൽ സഹായിക്കാൻ ഉള്ള എളിയ ശ്രമങ്ങളാണ് സൊസൈറ്റി നിർവഹിക്കുന്നത്.പാവങ്ങളെ ഭവനങ്ങളിലും ആശുപത്രികളിലും ചെന്ന് കണ്ടു ആശ്വസിപ്പിക്കുന്നതിനൊപ്പം നിർധനരായ വിദ്യാർത്ഥികൾക്കു പഠന സഹായം ഏർപ്പെടുത്താനും സൊസൈറ്റി അംഗങ്ങൾ പരിശ്രമിച്ചു വരുന്നു.അർഹരായ വ്യക്തികളെയും ഭവനങ്ങളേയും ദത്തെടുത്ത് അവരുടെ ആവശ്യങ്ങളിൽ സ്ഥിരം താങ്ങായി മാറുന്ന പരസ്നേഹ പ്രവർത്തന രീതി സൊസൈറ്റിയുടെ ഒരു തനത് ശൈലിയാണ്.പള്ളിയിൽ നിന്നുള്ള സാമ്പത്തിക സഹായത്തോടെ മാസത്തിലെ രണ്ടാം ഞായറാഴ്‍ച്ചകളിൽ ദരിദ്ര കുടുംബങ്ങൾക്ക് അരി വിതരണവും നടത്തുന്നു. ഞായറാഴ്ചകളിൽ രാവിലെ 7.45-ന് അംഗങ്ങൾ ഒരുമിച്ചു കൂടി പ്രാർത്ഥിക്കുകയും പ്രവർത്തനങ്ങളെപ്പറ്റി ചർച്ച നടത്തുകയും ചെയുന്നു. അംഗങ്ങളുടെ രഹസ്യപിരിവ്,കുടുംബങ്ങളിൽ നിന്നുള്ള വരിസംഖ്യ,വിവിധ സ്ഥാപനങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നുമുള്ള സംഭാവന എന്നിവ വഴിയാണ് പ്രവർത്തനങ്ങൾക്കാവശ്യമായ തുക കണ്ടെത്തുന്നത്.

Legion of Mary

സഭയിലെ അത്മായ വനിതാ ഭക്തസംഘടനയാണ് ലീജിയൻ ഓഫ് മേരി. പ്രാർത്ഥനയിലൂടെയും മറ്റ് ആത്‌മീയ അനുഷ്ഠാനങ്ങളിലൂടെയും ലോകത്തിനു ദൈവത്തിന്റെ പരിപാലനയും സംരക്ഷണവും സംലഭ്യമാക്കാൻ പരിശ്രമിക്കുന്ന സംഘടനയാണിത്. ഇടവകയിലെ ലീജിയൻ ഓഫ് മേരി അംഗങ്ങൾ ബുധനാഴ്ചകളിൽ വൈകുന്നേരം 4.30-ന് ഒരുമിച്ച്‌ ചേർന്ന് തങ്ങളുടെ ഭക്താനുഷ്ഠാനങ്ങൾ നിർവഹിക്കുന്നു.

Woman's Welfare

ഇടവകയിലെ അമ്മമാരുടെ സർവ്വതോന്മുഖമായ നന്മയെ ലക്‌ഷ്യം വച്ച് പ്രവർത്തിച്ചിരുന്ന മാതൃസംഘത്തിന്റെ നവീകരിച്ച രൂപമാണ് വിമൻസ് വെൽഫെയർ. എറണാകുളം-അങ്കമാലി അതിരൂപതയിൽ വിമൻസ് വെൽഫെയർ നിലവിൽ വന്ന 1976 മുതൽ തന്നെ ചുണങ്ങംവേലിയിലും സംഘടന അതിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. സംഘടനാഗംങ്ങളുടെ ആത്‌മീയവും ഭൗതീകവുമായ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നത്തിനൊപ്പം തന്നെ ജീവകാരുണ്യ പ്രവർത്തങ്ങളിലൂടെയും സാമ്പത്തിക സഹായങ്ങളിലൂടെയും സമൂഹത്തിലെ പാവപ്പെട്ടവർക്ക് ആശ്രയമായി മാറാനും വിമൻസ് വെൽഫെയർ ശ്രദ്ധ വയ്ക്കുന്നു. എല്ലാ മാസത്തിലേയും മൂന്നാം ഞായറാഴ്ച്ച 3.00 മുതൽ 4.30 വരെയുള്ള സമയത്ത് അംഗങ്ങൾ ഒരുമിച്ച് കൂടി നിർദേശിക്കപ്പെട്ടിരിക്കുന്ന മാർഗ്ഗരേഖയനുസരിച്ചു പ്രാർത്ഥനകളും ചർച്ചകളും വിലയിരുത്തലുകളും നടത്തി വരുന്നു.

Darsana Samooham

1939-ലാണ് ഇടവകയിൽ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ദർശന സമൂഹം സ്ഥാപിതമായത്. ഇടവകയിലെ പ്രധാന തിരുനാളായ വി.യൗസേപ്പിതാവിന്റെ തിരുനാൾ ഈസ്റ്റർ കഴിഞ്ഞ് വരുന്ന നാലാം ഞായറാഴ്ചയാണ് ആഘോഷിക്കുന്നത്ത്. നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ തിരുനാൾ ദർശനസമൂഹത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പ്രസുദേന്തിമാരുടെ നേതൃത്വത്തിലും ദർശന അംഗങ്ങളുടെ സഹകരണത്തിലുമാണ് നടത്തി പോരുന്നത്. പുരുഷന്മാർക്ക് പുറമെ സ്ത്രീകളും ഈ സമൂഹത്തിൽ അംഗങ്ങളാണ്.

Prayer Group

ഇടവകയുടെ ആത്മീയ വളർച്ചയെ ലക്‌ഷ്യം വയ്ക്കുന്ന കൂട്ടായ്മയാണിത്. കെ.സി.ബി.സി കരിസ്മാറ്റിക് കമ്മീഷന് കീഴിൽ വരുന്ന ആലുവ സബ്‌സോണുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഔദ്യോഗിക പ്രാർത്ഥനാ കൂട്ടായ്മയാണിത്. എല്ലാ ചൊവ്വാഴ്ചകളിലും 2 മുതൽ 3.30 വരെയുള്ള നേരത്ത് അംഗങ്ങൾ ഒരുമിച്ച് കൂടി മധ്യസ്ഥ പ്രാർത്ഥനകളിലൂടെയും ജപമാല സമർപ്പണത്തിലൂടെയും ഇടവകയുടെ ആവശ്യങ്ങൾ ദൈവ സന്നിധിയിൽ സമർപ്പിച്ച്‌ പ്രാർത്ഥിക്കുന്നു.

Grace Ripples

ദമ്പതികൾക്കിടയിൽ വിശ്വസ്തതയും സ്നേഹവും ഊട്ടി ഉറപ്പിക്കുന്നതിനും അതു വഴി നല്ല ക്രൈസ്തവ കുടുംബങ്ങളെ വാർത്തെടുക്കുന്നതിനുമായുള്ള ദമ്പതി കൂട്ടായ്മയാണ് ഗ്രെയ്‌സ് റിപ്പിൾസ്.മാസത്തിലെ മൂന്നാം ഞായറാഴ്ച അംഗങ്ങൾ ഒരുമിച്ച് കൂടി വിവാഹ ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങളെപ്പറ്റി പ്രാർത്ഥനാരൂപിയിൽ ചർച്ചകൾ നടത്തുകയും അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയുന്നു.പരസ്പരം പ്രോത്സാഹിപ്പിച്ചും തിരുത്തിയും മുന്നേറുന്ന ഈ കൂട്ടായ്മയിലെ അംഗങ്ങൾ വിവാഹ വാർഷിക ദിനങ്ങളിൽ കുടുംബങ്ങളിൽ ഒത്തു ചേർന്ന് സന്തോഷം പങ്കുവയ്ക്കുന്നു. വിവാഹത്തിന്റെ സിൽവർ-ഗോൾഡൻ ജൂബിലികൾ ആഘോഷിക്കുന്ന ഇടവകയിലെ ദമ്പതികളെ എല്ലാ വർഷവും ആദരിക്കാനും ഗ്രെയ്‌സ് റിപ്പിൾസ് ശ്രദ്ധ പുലർത്തി വരുന്നു.

Judith Forum

ഒറ്റപ്പെടലിന്റെ തളർച്ചയിലും നിരാശയിലും നിന്ന് ഉയിർത്തെഴുന്നേറ്റ് ജീവിതം ഒറ്റയ്ക്ക് പണിതുയർത്താനുള്ള കരുത്ത് വിധവകളായ സ്ത്രീകൾക്ക് പ്രദാനം ചെയ്യുന്ന കൂട്ടായ്മയാണ് യൂദിത് ഫോറം. ബഹുമാനപ്പെട്ട സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ മാസത്തിലൊരിക്കൽ അംഗങ്ങൾ ഒരുമിച്ച് കൂടി പ്രാർത്ഥനയിലൂടെയും ക്‌ളാസ്സുകളിലൂടെയും തങ്ങളുടെ അനുഭവങ്ങളും ആകുലതകളും പങ്കുവച്ച് ഒരുമയുടെ മാധുര്യവും കരുത്തും ആശ്വാസവും അനുഭവിക്കുകയും പ്രത്യാശയുടെ ചൈതന്യം ഉള്ളിൽ നിറയ്ക്കുകയും ചെയ്യുന്നു.

All Kerala Catholic Congress (AKCC)

രാഷ്ട്രീയവും മാനവികവുമായ വിഷയങ്ങളെ സ്പർശിക്കുന്ന കത്തോലിക്കാ കോൺഗ്രസിന്റെ പ്രവർത്തങ്ങൾക്ക് ഇടവകയിലെ യുവജനങ്ങൾ മുതൽ മുതിർന്നവർ വരെ എല്ലാവരും സഹകരിച്ചു പ്രവർത്തിക്കുന്നു. ഒരു സംഘടന എന്ന നിലയിലുള്ള പതിവ് പരിപാടികളോ മീറ്റിംഗുകളോ ഇല്ലെങ്കിലും ഇടവകയിലെ എല്ലാ മുതിർന്ന സംഘടനകളിലെയും അംഗങ്ങൾ സഭയുടെ ആവശ്യങ്ങൾക്കായി കത്തോലിക്കാ കോൺഗ്രസിനു കീഴിൽ അണി ചേരുന്നു.