യേശുവിൽ പ്രതീക്ഷയും പ്രത്യാശയുമുള്ള ഒരു നവ സമൂഹമായി ഇടവകയെ മാറ്റുക എന്ന ലക്ഷ്യവുമായി ബഹു. വികാരിയച്ചന്റെ ആത്മീയ നേതൃത്വത്തിൽ വിശ്വാസ പരിശീലന വിഭാഗം എന്നും പ്രവർത്തനനിരതമാണ്. 1 മുതൽ 12 വരെ 24 ക്ലാസ്സുകളും 734 കുട്ടികളും 30 അധ്യാപകരും ചേർന്നതാണ് ഇടവകയിലെ വിശ്വാസ പരിശീലന വിഭാഗം. കുട്ടികൾ എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.15 ന് ദേവാലയത്തിൽ എത്തി വിവിധ സംഘടനാ മീറ്റിംഗുകളിലും (CLC, തിരുബാലസഖ്യം) തുടർന്ന് 9ന് ഒരൊ ക്ലാസുകളുടെയും നേതൃത്വത്തിൽ ദിവ്യബലിയിലും പങ്കെടുക്കുന്നു. കുട്ടികളുടെ ഗായക സംഘം ദിവ്യബലിക്ക് ആത്മീയ ഉണർവൊടെ ഗാനങ്ങൾ ആലപിക്കുന്നു. ദിവ്യബലിക്ക് ശേഷമുള്ള അസംബ്ലിയിൽ വിശുദ്ധരെ പരിചയപ്പെടുത്തൽ, സഭാ വാർത്തകൾ എന്നിവയും അവതരിപ്പിക്കപ്പെടുന്നു. തുടർന്ന് 10.30 മുതൽ 11.45വരെയാണ് അധ്യയനം നടത്തപ്പെടുന്നത്.
പങ്കാളിത്തം വിലയിരുത്തുന്നതിനായി അവലോകന കാർഡുകൾ, വായനാ ശീലം വളർത്തുന്നതിനായി ലൈബ്രറി, ലോഗോസ് ക്വിസ്, വിശ്വാസ പരിശീലന വാർഷികം- “ഫെയ്ത്ത് ഫെസ്റ്റ്”, ഔട്ട് റീച്ച് – അഡോപ്റ്റ് എ ഫാമിലി പ്രോഗ്രാമുകൾ, ക്രിസ്തുരാജന്റെ തിരുനാൾ, കയ്യെഴുത്ത് മാസിക, വാൾ മാഗസിൻ, വിശ്വാസ പ്രഖ്യാപന ശുശ്രൂഷ, വിശ്വാസ പരിശീലക ദിനം, ദൈവവിളി ദിനം ഇവയെല്ലാം വിശ്വാസ പരീശീലനത്തിൽ സമഗ്ര വളർച്ച കൈവരിക്കാൻ കുട്ടികളെ സഹായിക്കുന്നു.
പി.സി.സി. യോഗങ്ങളിലും, ക്ലാസ് പി.ടി.എ. യിലും, മാതാപിതാക്കളുടെ സെമിനാറിലും, കുട്ടികളുടെ ദൈനംദിന പ്രവർത്തനങ്ങളിലുമുള്ള മാതാപിതാക്കളുടെ സജീവ പങ്കാളിത്തം വിശ്വാസ പരിശീലനത്തിന് എന്നും വലിയ മുതൽകൂട്ടാണ്.