ചരിത്രവഴികൾ

 

1885 ജനുവരി 6 നാണ് ചുണങ്ങംവേലി പാടത്തെ കുന്നിൻ മുകളിൽ വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള പള്ളി സ്ഥാപിക്കപ്പെട്ടത്. ആദ്ധ്യാത്മിക ആവശ്യങ്ങൾക്കായി പുഴ കടന്ന് ദേവാലയത്തിൽ എത്തി ചേരാനുള്ള ചൊവ്വര ഇടവകയിൽപ്പെട്ട കീഴ്മാട്ടിൽ താമസിച്ചിരുന്ന 28 കുടുംബങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ചാണ് ചുണങ്ങംവേലിയിൽ ഇടവക സ്ഥാപിക്കപ്പെട്ടത്. 1952-ലും 2008-ലും ദേവാലയം നവീകരിക്കുകയുണ്ടായി.

1939-ൽ യൗസേപ്പിതാവിന്റെ നാമത്തിൽ ദർശന സമൂഹം രൂപീകരിക്കുകയും ഈസ്റ്റർ കഴിഞ്ഞ് വരുന്ന നാലാം ഞായറാഴ്ച ഇടവകയിലെ പ്രധാന തിരുനാളായ യൗസേപ്പിതാവിന്റെ ദർശന തിരുനാളാഘോഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു. 1987 മുതൽ മാർച്ച് 19 ന് യൗസേപ്പിതാവിന്റെ മരണത്തിരുനാളും ജാതി മത ഭേദമെന്യേ ഏവർക്കും പങ്കെടുക്കാവുന്ന രീതിയിൽ ഊട്ടു നേർച്ചയും ആചരിച്ചു വരുന്നു. 1939-ൽ വാഴക്കുളം, 1972-ൽ കീഴ്മാട്, 1994ൽ ചൂണ്ടി എന്നീ ഇടവകകൾക്കും ഈ ദേവാലയം ജന്മമേകി.

1927 ൽ ദൈവദാസൻ വർഗീസ് പയ്യപ്പിള്ളിയച്ചൻ എസ്.ഡി സന്ന്യാസ സമൂഹത്തിന് നാന്ദി കുറിച്ചത് ചുണങ്ങംവേലിയിലെ മണ്ണിലാണെന്നത് ഇടവക ചരിത്രത്തിൽ തങ്ക ലിപികളിൽ എഴുതി ചേർത്തിരിക്കുന്നു. 1939 ൽ പള്ളിയുടെ മേൽനോട്ടത്തിൽ സ്ഥാപിക്കപ്പെട്ട ചുണങ്ങംവേലി സ്‌ക്കൂൾ ഇന്നും നാടിന്റെ അഭിമാനവും അടയാളവുമായി തുടരുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയിൽ പെട്ട കിഴക്കമ്പലം ഫൊറോനയുടെ ഭാഗമാണ് ആലുവ പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിലെ ഏറ്റവും വലിയ ദേവാലയമായ ചുണങ്ങംവേലി സെന്റ് ജോസഫ്‌സ് ദേവാലയം . 1883ൽ 28 കുടുംബങ്ങളുമായി ആരംഭിച്ച ഈ ദൈവജന സമൂഹം ദൈവ കൃപയാൽ ഇന്ന് 1200 ഓളം കുടുംബങ്ങളുള്ള വലിയ ഇടവകയായി വളർന്നു. കൂടാതെ ഈ ഇടവകയിൽ നിന്ന് നാളിതുവരെ മൂന്ന് പുതിയ ഇടവകകൾ ജന്മമെടുത്തിട്ടുണ്ട് എന്നതും, ഇടവകയിലെ വ്യത്യസ്ത ഇടങ്ങളിലായി 6 കപ്പേളകളും പ്രശസ്തമായ നിരവധി സന്ന്യാസ ഭവനങ്ങളും ക്രൈസ്തവ സ്ഥാപനങ്ങളും ഈ കാലയളവിൽ സ്ഥാപിതമായി എന്നതും ചാരിതാർത്ഥ്യജനകമാണ്.
വി.യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള ഈ ദേവാലയം, ഉണർവാർന്ന പ്രാർത്ഥനകളുടെ, ത്യാഗോജ്വലമായ സമർപ്പണങ്ങളുടെ, അത്ഭുതകരമായ കൂട്ടായ്മകളുടെ,ഒരിക്കലും വറ്റാത്ത പ്രതീക്ഷകളുടെ നിദർശനമായി നിലകൊള്ളുന്നു.

ഇടവക ചരിത്രത്തിലെ നാഴികക്കല്ലുകൾ